ലണ്ടന്‍ – അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 19 പുതിയ ജൂത കുടിയേറ്റ കോളനികൾ നിർമ്മിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെയുള്ള 14 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രായേലിന്റെ നടപടിയെ കർശനമായി അപലപിച്ചു. ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഇറ്റലി, ഐസ്‌ലാൻഡ്, അയർലൻഡ്, ജപ്പാൻ, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, സ്പെയിൻ എന്നിവയാണ് പ്രസ്താവനയിൽ ഒപ്പിട്ട മറ്റ് രാജ്യങ്ങൾ. വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾക്കും കുടിയേറ്റ വ്യാപന നയങ്ങൾക്കും തങ്ങൾ എതിരാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഇസ്രായേൽ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യങ്ങളുടെ ഈ സംയുക്ത നീക്കം.


അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം ഏകപക്ഷീയമായ നടപടികളെന്നും ഇത് ഗാസയിലെ ദുർബലമായ വെടിനിർത്തൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രസ്താവനയിൽ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. കുടിയേറ്റ കേന്ദ്രങ്ങളുടെ വികാസത്തിനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട രാജ്യങ്ങൾ, ഇസ്രായേലും ഫലസ്തീനും സമാധാനത്തോടെയും സുരക്ഷയോടെയും അടുത്തടുത്തായി കഴിയുന്ന ‘ദ്വിരാഷ്ട്ര പരിഹാര’ത്തിനായുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ചു. 1967-ൽ ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിൽ ഏകദേശം 30 ലക്ഷം ഫലസ്തീനികളാണ് താമസിക്കുന്നത്. നിലവിൽ ഇവിടെ അഞ്ച് ലക്ഷത്തിലേറെ ഇസ്രായേലികൾ താമസിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രായേലി കുടിയേറ്റങ്ങൾ റെക്കോർഡ് നിലയിലെത്തിയതായി ഈ മാസം ആദ്യം ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിരുന്നു.



