കോഴിക്കോട്– കോഴിക്കോടിന്റെ തനത് രുചിപ്പെരുമയെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ (82) അന്തരിച്ചു. കോഴിക്കോട്ടെ ഭക്ഷണപ്രേമികൾക്കിടയിൽ ഏറെ സുപരിചിതയായ സൈനബി, ബീച്ചിന് സമീപമുള്ള തന്റെ ഹോട്ടലിലൂടെ കോഴിക്കോടൻ വിഭവങ്ങളുടെ തനത് രുചിയാണ് വിളമ്പിയിരുന്നത്.
കോഴിക്കോടിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന സൈനബി, ‘സെയ്ൻസ്’ എന്ന പേരിൽ ഒരു ബ്രാൻഡ് തന്നെ കെട്ടിപ്പടുത്തിരുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായിരുന്നു സെയ്ൻസ്. സഹോദരി ഹലീമയുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ: ഷിറിൻ മുസ്തഫ. മരുമകൻ: മുസ്തഫ.
പ്രവാസിയായ ഭർത്താവിനെ നാട്ടിൽ തന്നെ പിടിച്ചുനിർത്താൻ സൈനാത്ത കണ്ട വഴി പിന്നീട് കോഴിക്കോടിന്റെ രുചി അടയാളമായി മാറുകയായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം നാട്ടിലെത്തുന്ന ഭർത്താവിനോട്, നമുക്ക് ഇവിടെ ഒരു ചായക്കട തുടങ്ങിക്കൂടെ എന്ന സൈനാത്തയുടെ ലളിതമായ ചോദ്യമാണ് സെയിൻസ് ഹോട്ടലിന് അടിത്തറയിട്ടത്. വൈകുന്നേരം നാലുമണിക്ക് ചൂടുള്ള മലബാർ പലഹാരങ്ങളുമായി തുടങ്ങിയ ആ സംരംഭം പിന്നീട് കോഴിക്കോട്ടെ പ്രധാന ഭക്ഷണശാലകളിലൊന്നായി വളർന്നു.
ആദ്യകാലത്ത് സൈനാത്തയുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ഇറച്ചിപ്പത്തിരി ഏറെ പ്രശസ്തമായിരുന്നു. പിന്നീട് ഉച്ചഭക്ഷണത്തിനായി അഞ്ച് തരം ബിരിയാണികൾ ഒരുക്കി ഹോട്ടൽ വിപുലീകരിച്ചു. ഓരോ കാലം കഴിയുന്തോറും വിഭവങ്ങളുടെ എണ്ണം കൂട്ടിയെങ്കിലും ഗുണമേന്മയിലും രുചിയിലും സൈനാത്ത വിട്ടുവീഴ്ച ചെയ്തില്ല. ബീച്ചിന് സമീപം തുടങ്ങിയ കച്ചവടം പിന്നീട് കോൺവെന്റ് റോഡിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട്ടെത്തുന്ന പ്രമുഖ വ്യക്തിത്വങ്ങൾ മുതൽ സാധാരണക്കാർ വരെ സൈനാത്തയുടെ സ്നേഹം കലർന്ന ഭക്ഷണത്തിനായി ഇവിടേക്ക് എത്തുമായിരുന്നു. സൈനാത്തയുടെ വിയോഗം കോഴിക്കോടിന്റെ സാംസ്‌കാരിക-രുചി ഭൂപടത്തിന് നഷ്ടമാണ്.



