കോഴിക്കോട്– ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരു വയസ്സുള്ള ആൺകുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി കടന്നുകളഞ്ഞു. തിങ്കളാഴ്ച രാവിലെ 10:10-ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ച കടന്നുകളഞ്ഞ ഇരുപത്തിയഞ്ചുകാരിക്കായി റെയിൽവേ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി, സമീപമിരുന്ന യുവാവിന്റെ സീറ്റിൽ കുഞ്ഞിനെ ഇരുത്തി. അല്പസമയത്തിന് ശേഷം കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ട ശേഷം ഇവർ ശുചിമുറിയിലേക്ക് പോയി.
യുവതി പോയതിന് പിന്നാലെ ട്രെയിൻ പാലക്കാട്ടേക്ക് പുറപ്പെട്ടു. ട്രെയിൻ കല്ലായി സ്റ്റേഷൻ പിന്നിട്ടിട്ടും യുവതി തിരികെ വരാത്തതിനെത്തുടർന്ന് യുവാവ് ശുചിമുറിക്ക് സമീപം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ യുവാവ് ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു. റെയിൽവേ എസ്.ഐ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന യുവതിയാണ് കുഞ്ഞിനൊപ്പം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
റെയിൽവേ പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടു. കുട്ടിയെ നിലവിൽ വെള്ളിമാട്കുന്ന് സി.ഡബ്ല്യു.സി ഒബ്‌സർവേഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും യുവതിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.



