ആലപ്പുറം- സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചർച്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. സൗഹൃദ ചർച്ചയാണ് നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും സുധാകരൻ പറഞ്ഞു. തന്നോട് അനുമതി ചോദിച്ചാണ് വേണുഗോപാൽ വന്നതെന്നും മറ്റു കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും സുധാകരൻ പറഞ്ഞു.
മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ ക്യാംപിൽ ഇന്ന് സുധാകരൻ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽനിന്ന് സുധാകരനെ മാറ്റി നിർത്തിയിരുന്നു. ഇതിൽ സുധാകരന് അതൃപ്തിയുണ്ട് എന്ന് വാർത്തകളുണ്ടായിരുന്നു.
അതേസമയം, തന്റെ അസുഖത്തെ പറ്റി അന്വേഷിക്കാനാണ് വേണുഗോപാൽ വന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നെ കാണാൻ വിവിധ പാർട്ടികളിലെ നിരവധി പേർ വരാറുണ്ട്. ഞാനിപ്പോഴും പാർട്ടി പ്രവർത്തകനാണ്. മാനദണ്ഡം അനുസരിച്ചാണ് പാർട്ടി പദവി വഹിക്കാത്തത്. താൻ അസ്വസ്ഥനാണ് എന്ന് സി.പി.എം വിട്ട നേതാവ് പറഞ്ഞിട്ടില്ല. ആലപ്പുഴയിലെ മാധ്യമ പ്രവർത്തകർക്ക് വസ്തുത അറിയാൻ താല്പര്യമില്ലെന്നും സുധാകരൻ പറഞ്ഞു.