തിരുവനന്തപുരം– 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 101 വോട്ട് നേടിയപ്പോൾ എൽഡിഎഫിന് വേണ്ടി മത്സരിച്ച എ സി മൊയ്തീന് 35 വോട്ടും ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തപ്പോൾ പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത് തവണയാണ് നിയമസഭയിൽ എത്തുന്നത്. 1991 മുതൽ 2011 വരെ നാല് തവണ അടൂരിൽ നിന്നും 2011മുതൽ നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായ അദ്ദേഹം രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും അടക്കമുള്ളവർ തിരുഞ്ചൂർ രാധാകൃഷ്ണനെ അനുമോദിച്ചു.



