തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അല്പസമയത്തിനകം ആരംഭിക്കും. ഘടകകക്ഷികൾ ഉൾപ്പെടെയുള്ള മുഴുവൻ മന്ത്രിമാരും ഇന്നത്തെ ചടങ്ങിൽ തന്നെ ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമായി കോൺഗ്രസ് മുന്നിൽ നിൽക്കുമ്പോൾ, 5 മന്ത്രിമാരുമായി മുസ്ലിം ലീഗും തൊട്ടുപിന്നിലുണ്ട്. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതമാണ് പുതിയ മന്ത്രിസഭയിലുള്ളത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും വിവിഐപി ഗാലറിയിൽ എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. മുന്നണി പ്രവർത്തകരുടെ വൻ ജനസാഗരമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. തലസ്ഥാന നഗരി ഇപ്പോൾ കനത്ത സുരക്ഷാ വലയത്തിലാണ്.