കൊച്ചി– കേരള തീരത്തിനടുത്ത് അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്ന് എണ്ണയും കണ്ടെയ്നര്‍ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് അിനിശ്ചിതത്വത്തില്. ഇത് കേരള തീരത്തിന് ഭീഷണിയായി നിലനില്‍ക്കുകയാണ്. നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയ സാല്‍വേജ് കമ്പനിയായ ടി ആന്‍ഡ് ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങി. കണ്ടെയ്നറുകള്‍ അടക്കമുള്ള അവശിഷ്ടങ്ങളില്തട്ടി മത്സ്യത്തൊഴിലാളികളുടെ വലകള്‍ കീറുന്നുണ്ടെന്നും കപ്പല്‍ ഇനിയും കടലില്‍ തന്നെ കിടക്കുന്നത് ജലബോംബിന് സമാനമായ അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മേയ് 25നാണ് ആലപ്പുഴ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്.സി എല്‍സ ചരക്കുകപ്പല്‍ മുങ്ങിയത്. കപ്പലിന്റെ ബങ്കറിലുള്ള 367 ടണ്‍ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ മൂന്നിന് മുന്‍പ് നീക്കം ചെയ്യണമെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ കമ്പനിയെ അറിയിച്ചിരുന്നു. എണ്ണ കൂടാതെ 12 കണ്ടെയ്നറുകളില്‍ കാത്സ്യം കാര്‍ബൈഡും ഒരു കണ്ടെയ്നറില്‍ ആന്റി ഓക്സിഡന്റ് റബ്ബര്‍ കെമിക്കലുമാണ് ഉള്ളത്. ടി ഏന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് എം.എസ്.സി അറിയിച്ചു. കപ്പല്‍ മുങ്ങിയ ഭാഗത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കാണുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ ഇത് ഇന്ധന ടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.