മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ പരസ്യമായി തുറന്നു സമ്മതിച്ച് മുൻ സ്പീക്കർ എ.എൻ. ഷംസീർ. വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ പ്രതിരോധിക്കുന്നതിൽ പാളിച്ച പറ്റിയെന്നും, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായെന്നും ഷംസീർ പറഞ്ഞു. മലപ്പുറം കാളികാവിൽ സംഘടിപ്പിച്ച കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി നിർണയം, അയ്യപ്പ സംഗമം, വെള്ളാപ്പള്ളിയുമായുള്ള സമീപനം തുടങ്ങിയവ തിരിച്ചടിയായെന്ന പാർട്ടി വിലയിരുത്തലാണ് ഷംസീർ പ്രസംഗത്തിൽ ഉന്നയിച്ചത്. “ഇങ്ങനെ ഒരു തോൽവി നമ്മൾ പ്രതീക്ഷിച്ചിരുന്നില്ല. തുടർച്ചയായ മൂന്നാം ഭരണം കിട്ടുമെന്നാണ് കരുതിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ലീഡുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി,” ഷംസീർ തുറന്നടിച്ചു.
സി.പി.എം സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നടത്തിയ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിലെ കണ്ടെത്തലുകളാണ് ഷംസീർ പരസ്യമാക്കിയത്. എന്നാൽ എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖ സംസ്ഥാന നേതാക്കളാരും ഈ കണ്ടെത്തലുകൾ ഇതുവരെ പരസ്യമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് നേരത്തെ എം.വി. ജയരാജൻ പ്രസ്താവിച്ചിരുന്നെങ്കിലും പിന്നീട് അത് തിരുത്തിപ്പറഞ്ഞിരുന്നു. പാർട്ടിയിലുണ്ടായ ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നെങ്കിലും, ഒരു മുതിർന്ന സംസ്ഥാന നേതാവ് പൊതുവേദിയിൽ ഇത് തുറന്നുപറയുന്നത് ആദ്യമായാണ്. ഇത് പാർട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.





