കൊച്ചി– റാപ്പർ വേടന് എതിരെ കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ ഇന്നു നടന്ന വാദത്തിനൊടുവിലാണ് ഇടക്കാല നിർദേശം നൽകിയത്. നാളെയുംവാദം തുടരുമെന്നും ഹരജിയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാൽ വേടനെതിരെ ഗുരുതരമായ ആരോപണങ്ങൾ യുവതി ഹൈക്കോടതിയിലും ആവർത്തിച്ചു. വിവാഹം വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്നും ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് പോയി. ഇതോടെ മാനസിക നില തകരാറിലായെന്നും ഏറെ കാലത്തിനു ശേഷമാണ് സാധാരണജീവിതത്തിലേക്ക് മടങ്ങി വന്നതെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു.
വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികൾ കൂടി ഉയർന്നതായി പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. വേടൻ ഇതുവരെ യുവഡോക്ടറുമായുള്ള ബന്ധം നിഷേധിച്ചിരുന്നില്ല. എന്നാൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും വേടൻ വാദിച്ചു. ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.