കോഴിക്കോട്- റിപ്പോർട്ടർ ടി.വി ആസ്ഥാനത്തുണ്ടായ പോലീസ് റെയ്ഡിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെ തുടർന്നുണ്ടായ വ്യാപക വിമർശനത്തിന് മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ.
റിപോർട്ടർ ചാനൽ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കർശന നടപടികൾ വേണം എന്നാഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ആളാണ് താനെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റിൽ ഷിബു മീരാൻ പറഞ്ഞു. ഏതെങ്കിലും നിലയിൽ ആന്റോ അഗസ്റ്റിൻ എന്ന വ്യക്തി പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അയാൾക്കുള്ള പിന്തുണയായി ഇന്നലെ പറഞ്ഞതിനെ വ്യാഖ്യാനിക്കേണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരരുടെ സ്വകാര്യ ഫോണുകൾ പോലും പിടിച്ചെടുത്തു കൊണ്ട് നടക്കുന്ന പരിശോധന ന്യായീകരിക്കാൻ കഴിയില്ലെന്നും സമാനമായ സംഭവങ്ങൾ കേന്ദ്ര സർക്കാർ ഏജൻസികളുടെ ഭാഗത്തു നിന്ന് ഉണ്ടായ സന്ദർഭങ്ങളിൽ വിമർശനമുന്നയിച്ചവരാണ് നമ്മളെന്നും പറയുന്ന, കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ യു.ഡി.എഫ് പ്രവർത്തകരടക്കം വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷിബു മീരാന്റെ പുതിയ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
‘റിപോർട്ടർ ചാനൽ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കർശന നടപടികൾ വേണം എന്നാഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ആളാണ്’
ഇന്നലെ റിപ്പോർട്ടർ ടി വി യിലെ ടെലി ഇന്നിൽ അരുൺ കുമാറിനോട് ഇങ്ങനെ പറഞ്ഞാണ് തുടങ്ങിയത്…
ഏതെങ്കിലും നിലയിൽ ആന്റോ അഗസ്റ്റ്യൻ എന്ന വ്യക്തി പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അയാൾക്കുള്ള പിന്തുണയായി ഇന്നലെ പറഞ്ഞതിനെ വ്യാഖ്യാനിക്കണ്ട….
അതെന്റെ ജോലിയോ ബാധ്യതയോ അല്ല… അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ എന്ന ഒരേയൊരു പോയിന്റിൽ മാത്രമാണ് ഇന്നലെ പറഞ്ഞ വാക്കുകൾ… അത് ഒരു ശതമാനം പോലുംആന്റോ അഗസ്റ്റ്യൻ എന്ന ചാനൽ ഉടമക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റല്ല…
എക്‌സൈസ് കേസിലെ അറസ്റ്റിലൊതുക്കാതെ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കേസിലും മുഖ്യമന്ത്രിക്കെതിരെ ഇന്നലെ പറഞ്ഞ നാലാം കിട വർത്തമാനത്തിന്റെ പിന്നിലെ ഗൂഡാലോചനയിലും കൃത്യമായ അന്വേഷണവും നിയമനടപടികളും വേണം….
നിരവധി തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ഒരു കച്ചവടക്കാരനിൽ ഒതുങ്ങുകയമരുത് അന്വേഷണം…
ഇതിന്റെയൊക്കെ ഭാഗമായി ഉയർന്നു കേട്ട രാഷ്ട്രീയ നേതാക്കളിലേക്കും അത് പോകണം…
1, എന്റെ വാക്കുകൾ ആന്റോ അഗസ്റ്റ്യനുള്ള പിന്തുണയാണ് എന്ന പ്രതീതി ഉണ്ടായതിന്റെ പേരിൽ പ്രിയപ്പെട്ട ലീഗ്,യു ഡി എഫ് പ്രവർത്തകർ പങ്കുവച്ച വിമർശനങ്ങളെ പൂർണമായും ഉൾക്കൊള്ളുന്നു….
2,പ്രസംഗിക്കുന്ന സമയത്ത് മൈക്ക് ഒച്ച വച്ചതിന്റെ പേരിൽ മൈക്കിനെയും അതിന്റെ ഓപ്പറേറ്ററെയും കസ്റ്റഡിയിലെടുത്ത നാണംകെട്ട ചരിത്രമുള്ള സി പി എം നേതാക്കളുടെ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളികളെ അങ്ങേയറ്റത്തെ പുഛത്തോടെ തള്ളിക്കളയുന്നു….
ഇന്നലെ പങ്കുവച്ച പോസ്റ്റും അതിനു താഴെ പ്രിയപ്പെട്ടവർ പറഞ്ഞ വിമർശനങ്ങളും ശകാരവാക്കുകളും അവിടെ തന്നെയുണ്ട്….
നിങ്ങളുടെ സ്‌നേഹം ആവോളം ലഭിച്ച ഒരാളാണ്…
അത് കൊണ്ട് തന്നെ നിങ്ങളുടെ വിമർശനങ്ങൾ കേൾക്കാനും ഉൾക്കൊള്ളാനും ബാധ്യസ്ഥനാണ്…
അഡ്വ: ഷിബു മീരാൻ….







