പുതുപ്പള്ളി– മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ശേഷം കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുതുപ്പള്ളിയിലെ അനുസ്മരണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയെ ഗുരുതുല്യനായി കാണുന്ന രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവം വേദിയില്‍ പങ്കുവെച്ചു. ഒരുപാട് കാലത്തെ രാഷ്ട്രീയ ജീവിതമില്ലെങ്കിലും കുറച്ചുകാലത്തെ രാഷ്ട്രീയ അനുഭവത്തില്‍ പലതരം രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ചിലര്‍ക്ക് നല്ല ആശയങ്ങള്‍ ഉണ്ട്, മറ്റു ചിലര്‍ നന്നായി സംസാരിക്കും, കുറച്ചാളുകള്‍ക്ക് പ്രശ്‌നങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയും. പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഇതൊന്നുമല്ല, അത് മറ്റുള്ളവരുടെ വികാരത്തെ മനസിലാക്കാനുള്ള കഴിവാണെന്ന് അദ്ദേഹം പറഞ്ഞു.
‘ എന്റെ 21 വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഗുരുവായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍, കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സ്വയം ഇല്ലാതാകുന്നത് ഞാന്‍ നേരിട്ട് കണ്ടയാളാണ്. ഭാരത് ജോഡോ യാത്രക്ക് അദ്ദേഹത്തിന്ന നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ അദ്ദേഹം വരുമെന്ന് വാശിപിടിച്ചു. ഉമ്മന്‍ ചാണ്ടി ഒരു വ്യക്തിമാത്രമല്ല കേരള രാഷ്ട്രീയത്തിലെ ആവിഷ്‌കാരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിലെ തുടക്കം കാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. അനുസ്മരണ ചടങ്ങില്‍വെച്ച് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനം നടത്തും. കേള്‍വി ശക്തി നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശ്രുതിരംഗം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കവും കുറിക്കും. സംസ്ഥാന വ്യാപകമായി മണ്ഡലം, ബ്ലോക്ക്, ഡിസിസി തലങ്ങളില്‍ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിക്കും.