കൊച്ചി- ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) കേരള ഘടകത്തിന്റെ സംസ്ഥാന കൺവീനർ സ്ഥാനം പി.വി. അൻവർ രാജിവെച്ചു. എറണാകുളം കളമശ്ശേരിയിലെ സീ പാർക്ക് ഹോട്ടലിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്, ഇനി മുതൽ തൃണമൂൽ കോൺഗ്രസ് എന്ന പേരിൽ കേരളത്തിൽ മുന്നോട്ട് പോകേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മതേതര-ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിയ പുതിയൊരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന പ്രവർത്തന ശൈലിയായിരിക്കും പുതിയ പാർട്ടിയുടേത്. എല്ലാ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ എടുത്ത ഈ തീരുമാനം അനുസരിച്ച്, മെയ് രണ്ടാം വാരത്തോടുകൂടി പുതിയ രാഷ്ട്രീയ സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ, ഭാവി പരിപാടികളെക്കുറിച്ചും പുതിയ പാർട്ടിയുടെ ഘടനയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിലൂടെ വിശദീകരിക്കുമെന്നും പി.വി. അൻവർ വ്യക്തമാക്കി.



