കോഴിക്കോട്– പൊതുപരിപാടികളുടെ മറവിൽ വ്യക്തിപരമായ സംഭാഷണങ്ങളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന പാപ്പരാസി സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പേരാമ്പ്ര എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ ഫാത്തിമ തഹ്ലിയ രംഗത്ത്. യാതൊരുവിധ മാധ്യമ പെരുമാറ്റച്ചട്ടവും പാലിക്കാതെ, മൊബൈൽ ഫോണുകളുമായി എത്തി സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന ഇത്തരം പ്രവണതകൾ തുടർന്നാൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും, ഇത്തരം ചടങ്ങുകളിൽ സംഘാടകർ ഔദ്യോഗികമായി ആളുകളെ ചിത്രീകരണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി. എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം കൈമുതലാക്കി, യാതൊരു തിരിച്ചറിയൽ അടയാളവുമില്ലാതെ മീഡിയ എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുന്നുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധികളെന്നും ആരാണ് അനധികൃതമായി ഇടപെടുന്നതെന്നും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കി.
ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത് സ്വാഭാവിക ഇടപെടലുകളെയും വ്യക്തിപരമായ സംഭാഷണങ്ങളെയും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ ചെയ്യുന്നത്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെപ്പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി വിപണനം ചെയ്യാനാണ് ഇവർ ശ്രമിക്കുന്നത്. അനാവശ്യമായ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിച്ച്, അത് വഴി പണമുണ്ടാക്കാനുള്ള ഈ പ്രവണത അതീവ അപലപനീയമാണ്. ഇത്തരം ചാനലുകൾ തന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എം.എൽ.എ അറിയിച്ചു.
പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും ഫാത്തിമ തഹ്ലിയ ഓർമ്മിപ്പിച്ചു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല, എന്നോടൊപ്പമുള്ള മറ്റ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമം കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാകില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ അത് വ്യക്തമായ സ്റ്റോക്കിംഗും സ്വകാര്യതാ ലംഘനവുമായി കണക്കാക്കി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.



