കണ്ണൂർ – ഓൺലൈൻ ഷെയർ ബിസിനസിൽ പണം നിക്ഷേപിച്ച യുവാവിന് ലക്ഷങ്ങൾ നഷ്ടമായി. സംഭവത്തിൽ പോലീസ് കേസെടുത്തു. ചെറുതാഴം കോട്ടക്കുന്ന് നീലാംബരിയിൽ മഹേഷ് മൈലാട്ടിനാണ്(44) ഏഴേ കാൽ ലക്ഷം രൂപ നഷ്ടമായത്. സംഭവത്തിൽ രണ്ടുപേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തു.
51 കെ.കെ.കെ.സി.സി സ്റ്റോക്ക് സ്റ്റഡി വാട്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അനുരാഗ് താക്കൂർ, കെ.കെ.ആർ കമ്പനി ഹെഡ് അക്ഷയ് താന എന്നിവരുടെ പേരിലാണ് കേസ്. ഈ വർഷം ജനുവരി 18 മുതൽ ഫെബ്രുവരി 6 വരെയുള്ള കാലത്താണ് മഹേഷിന്റെ തളിപ്പറമ്പ് കാനറാ ബാങ്ക് അക്കൗണ്ട് വഴി ഇരുവരും നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.
എന്നാൽ ഇത്രയും കാലമായിട്ടും പണമോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് പരാതി. പല തവണ ബന്ധപ്പെട്ടിട്ടും ഇതിൽ യാതൊരു വിവരവും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.