നിലമ്പൂർ- ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ കാഴ്ച. യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ പോരാടുന്നതിന്റെ ചിത്രമാണ് കാണുന്നത്. അതേസമയം, പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് മുൻ എം.എൽ.എ പി.വി അൻവർ കാഴ്ചവെച്ചത്. ആദ്യത്തെ രണ്ടു റൗണ്ടിൽ തന്നെ അൻവർ 1500-ലേറെ വോട്ടു പിടിച്ചു. ഇതേ ട്രെന്റ് തുടരുകയാണെങ്കിൽ അൻവറിന്റെ വോട്ട് പതിനയ്യായിരത്തിന് മുകളിൽ കടക്കും.
വഴിക്കടവ് പഞ്ചായത്തിലാണ് നിലവിൽ വോട്ടെണ്ണുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 2490-ൽ എത്തിയിട്ടുണ്ട്. യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിലെ വോട്ടെണ്ണലാണ് നടക്കുന്നത്. നിലമ്പൂർ നഗരസഭയിലെ ലീഡായിരിക്കും വിജയികളെ തീരുമാനിക്കുക എന്നതാണ് പുറത്തുവരുന്ന സൂചന. നിലമ്പൂർ നഗരസഭയിലെ വോട്ട് എണ്ണിത്തീരുന്നത് വരെ വിജയിയുടെ കാര്യത്തിൽ ആകാംക്ഷ നിലനിന്നേക്കും.