തിരുവനന്തപുരം– കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം. 52 ദലിത് സംഘടനകളുടെ കൂട്ടായ്മയായ നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. നിതിന്റേത് ആത്മഹത്യയാണെന്ന വാദത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നതെങ്കിലും സംഭവസ്ഥലത്ത് രക്തപ്പാടുകളോ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ കണ്ടെത്താനായില്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന് സണ്ണി എം. കപ്പിക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അട്ടിമറിക്കാനായി കോളജ് അധികൃതർ നിരന്തരം നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ പൊലീസ് അന്വേഷണം പൂർണ്ണ പരാജയമാണെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ് കുറ്റപ്പെടുത്തി. ലോൺ ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാൻ കാണിച്ച ആവേശം ഒളിവിൽ കഴിയുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ല. പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവർക്ക് പുറമെ കോളജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം.



