മലപ്പുറം– പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിനു മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കില്ലെന്ന് നേതൃയോഗത്തില്‍ ധാരണ. അന്‍വര്‍ വിഷയത്തില്‍ ലീഗിന് പ്രത്യേക താല്പര്യമില്ലെന്നും യു.ഡി.എഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. എന്നാല്‍ മുന്നണിയില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നാല്‍ എതിര്‍ക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം. വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല. ജനാധിപത്യ, മതനിരപേക്ഷ കക്ഷികളെ ചേര്‍ത്ത് യു.ഡി.എഫ് വിപുലീകരിക്കണമെന്നാണു മുന്നണി നിലപാട്. അതിനു പാര്‍ട്ടിയോടൊപ്പം ലീഗ് മുന്നിലുണ്ടാവുമെന്നും സലാം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഘടകമായിരുന്നെന്നും, ഇതു തള്ളിക്കളയാനാകില്ലെന്നും ലീഗ് നേതൃയോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് നിലമ്പൂരിലെ ജനങ്ങളെ സ്വാധീനിക്കാനായെന്നും ഫലം തെളിയിക്കുന്നു. ഇത് പരിഗണിക്കാതിരിക്കുന്നത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും ചിലര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.