തിരുവനന്തപുരം– മുസ്ലിം പെൺകുട്ടികൾക്കിടയിൽ വിവാഹം ഇനി ഒന്നാം മുൻഗണനയല്ല. പഠനവും തൊഴിലും അവരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുകയാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുതിയ റിപ്പോർട്ടായ ‘കേരള പഠനം 2.0’ വ്യക്തമാക്കുന്നു. മുമ്പത്തെ തലമുറകളിൽ കാണപ്പെട്ട ‘വീട്ടമ്മവൽക്കരണം’ വ്യാപകമായി കുറയുകയാണ്, അതിനു പകരമായി മികച്ച വിദ്യാഭ്യാസത്തിന്റെയും തൊഴിൽ നേടലിന്റെയും ദിശയിലേക്കാണ് മുസ്ലിം പെൺകുട്ടികളുടെ യാത്ര.
2004-ൽ വിവാഹം ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്നാണ് 21.5 ശതമാനം പെൺകുട്ടികളും കണക്കാക്കിയത്. എന്നാൽ ഇപ്പോഴത്തെ കണക്കുകൾ പ്രകാരം, ആ നിരക്ക് 7.7 ശതമാനമായി കുറവായിട്ടുണ്ട്. അതിൽ പോലും മുസ്ലിം സമുദായത്തിലെ പെൺകുട്ടികളിൽ വിവാഹം പ്രാഥമിക ലക്ഷ്യമാണെന്ന് പറയുന്നത് വെറും 16.4 ശതമാനം പേരാണ്. ഇക്കൂട്ടത്തിൽ വലിയ മാറ്റമാണിത്.


വീട്ടമ്മമാരുടെ അനുപാതം കുറയുന്നു
2004-ലുമായി താരതമ്യപ്പെടുത്തിയാൽ, മുസ്ലിം സമൂഹത്തിൽ വീട്ടമ്മമാരുടെ ആകെ അനുപാതം 69.3 ശതമാനത്തിൽ നിന്ന് 62.9 ശതമാനമായി കുറഞ്ഞു. പലർക്കും ഇപ്പോൾ വിവാഹത്തിന് മുമ്പ് വിദ്യാഭ്യാസം പൂർത്തിയാക്കണം, ജോലി അന്വേഷിക്കണം എന്ന ആഗ്രഹം വലിയ തോതിൽ വർദ്ധിച്ചു.
വിദ്യാഭ്യാസവും തൊഴിലും മുന്നിൽ
18-35 വയസിനുള്ളിലുള്ള പെൺകുട്ടികൾ നേരത്തെ വിവാഹമോ, വീട്ടമ്മയാവലോ ആയിരുന്നു പ്രാഥമിക വഴികൾ. എന്നാൽ ഇപ്പോൾ അവർ കൂടുതൽ കാലം പഠിക്കുന്നതും, ഉന്നത വിദ്യാഭ്യാസം തേടുന്നതിനും സാധ്യത കണ്ട് മുന്നോട്ട് പോവുകയാണ്. തൊഴിൽശക്തിയിലേക്കുള്ള പ്രവേശനവും വളരുകയാണ്.
തൊഴിൽ പങ്കാളിത്തത്തിൽ പുരോഗതി
കേരളത്തിൽ 15-59 വയസ്സുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2004-ലെ 19.8 ശതമാനത്തിൽ നിന്ന് 26.2 ശതമാനമായി ഉയർന്നിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ സ്ത്രീകളിൽ എണ്ണം 10 ശതമാനത്തിൽ നിന്ന് 15.6 ശതമാനമായിട്ടാണ് വളർന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ റിപ്പോർട്ട് പ്രകാരം, നിലവിലെ മാറ്റങ്ങൾ സമുദായത്തെ സാന്ദ്രമായി ബാധിക്കുന്ന വലിയ സാമൂഹിക പരിണാമങ്ങളാണ്.


ഗൃഹജീവിതത്തിൽ നിന്ന് പൊതുമേഖലയിലേക്ക് ;വിപുലമായ മാറ്റത്തിന് വഴിയൊരുങ്ങി
സംഘടിത ശ്രമങ്ങൾ, സാമൂഹിക അവബോധം, വിദ്യാഭ്യാസ ലഭ്യത എന്നിവയുടെ സംയോജിത ഫലമായാണ് മുസ്ലിം പെൺകുട്ടികളിൽ ഈ മാറ്റം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹം മാത്രമല്ല ജീവിത ലക്ഷ്യമെന്നത് പഠനത്തിലൂടെയും തൊഴിലിലൂടെയുമാണെന്ന് അവർ തിരിച്ചറിയാൻ തുടങ്ങിയതിന്റെ സൂചനകളാണ് ഈ കണക്കുകൾ.
ഇത് ഒരു സമുദായത്തിന് മാത്രമുള്ള മാറ്റമല്ല , കേരളത്തിലെ സ്ത്രീ സമൂഹം മുഴുവൻ കൈവരിച്ച വലിയ പുരോഗതിയാണിത്. വിവാഹം മാത്രമല്ല, കഴിവുകളും സ്വതന്ത്രതയും ജീവിതസഫലതയുടെ മാനദണ്ഡങ്ങളായി മാറുന്ന ഇത്തരം സാമൂഹിക മാറ്റങ്ങൾ, കേരളത്തിലെ വിവിധ സമൂഹത്തിന്‍റെ ഭാവി മുന്നോട്ടുള്ള ദിശ നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാണ്.