തിരുവനന്തപുരം- സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 18ഉം എൽ.ഡി.എഫ് 19 സീറ്റുകും ട്വന്റി-ട്വന്റി ഒരു സീറ്റും നേടി. ആകെ 38 വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യു.ഡി.എഫ് എൽ.ഡി.എഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. വോട്ടെടുപ്പിന് മുമ്പ് യു.ഡി.എഫിന്റെ കൈവശം 22 സീറ്റുകളും എൽ.ഡി.എഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി ട്വന്റി നിലനിർത്തുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പ്: കുറ്റിച്ചിറയിൽ യു.ഡി.എഫിന് ജയം
തിരുവനന്തപുരം അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ എൽ.ഡി.എഫിന്റെ ബിജിമോൾ 395 വോട്ടുകൾക്ക് വിജയിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കല്ലറ ഡിവിഷനിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അമി തിലക് 2869 വോട്ടിന് വിജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തിരുപുരം ഗ്രാമപഞ്ചായത്തിലെ പഴയകട (അഞ്ചാം വാർഡ്) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥിയായ സി.എസ്. സുനിൽ 169 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മുണ്ടയ്ക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ വി. തുളസി വിജയിച്ചു. 139 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.







