തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരടങ്ങുന്ന അഞ്ചംഗ സാധ്യത പട്ടികയാണ് ലീഗ് നേതൃത്വം സമർപ്പിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പട്ടിക മുഖ്യമന്ത്രിക്ക് കൈമാറിയത്. വകുപ്പുവിഭജനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ഇന്ന് വൈകുന്നേരം നാലുമണിയോടെ മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണമായ ഔദ്യോഗിക വ്യക്തത വരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മന്ത്രിസ്ഥാനത്തിന്മേൽ ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഒരു ജില്ലയിൽ നിന്ന് പരമാവധി രണ്ട് മന്ത്രിമാർ എന്ന മുൻ ധാരണയിലാണ് അവസാന നിമിഷം ലീഗ് നേതൃത്വം മാറ്റം വരുത്തിയത്. മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് പേരെ മാത്രം മന്ത്രിമാരാക്കിയാൽ മതിയെന്നായിരുന്നു ആദ്യ ആലോചന. ഇത് പ്രകാരം കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരിൽ ഒരാളെ മാത്രം ഉൾപ്പെടുത്താനായിരുന്നു സാധ്യത. എന്നാൽ, ഇന്ന് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ ഇരുവരെയും പട്ടികയിൽ നിലനിർത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.
മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലും ലീഗിനുള്ളിൽ പ്രാദേശികമായ അവകാശവാദങ്ങൾ ശക്തമാണ്. കാസർകോട് നിന്നുള്ള നിയുക്ത എം.എൽ.എ എ.കെ.എം അഷറഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവർ സംസ്ഥാന ലീഗ് നേതൃത്വത്തിന് കത്ത് നൽകിയതായാണ് വിവരം. ഇതിനൊപ്പം മലബാറിലെ പ്രമുഖ കേന്ദ്രമായ കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി പ്രാദേശിക ലീഗ് പ്രവർത്തകരും രംഗത്തുണ്ട്. വിവിധ കോണുകളിൽ നിന്ന് അവകാശവാദങ്ങളും ചർച്ചകളും സജീവമായി തുടരുമ്പോഴും, ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭയുടെ അന്തിമ ചിത്രം പൂർണ്ണമാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.



