കോഴിക്കോട്– മെഡിക്കല്‍ കോളജിലെ തീപ്പിടിത്തത്തില്‍ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ മരണത്തിനാണ് കേസെടുത്തത്. അഞ്ചു പേരുടെയും മരണ കാരണം പുകശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അപകടം ഉണ്ടായ കെട്ടിടം ഇന്നലെ പോലീസ് സീല്‍ ചെയ്തതിനാല്‍ കെട്ടിടത്തില്‍ നിന്ന് മരുന്നുകള്‍ മാറ്റാന്‍ പ്രിന്‍സിപ്പല്‍ പോലീസിനോട് സഹായം തേടി. അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകള്‍ മാറ്റാനാണ് തീരുമാനം. ആശുപത്രിയിലെ അപകടത്തെ തുടര്‍ന്ന് രോഗികള്‍ പ്രതിസന്ധിയിലായി. ശസ്ത്രകിയ നടത്താനുള്ള രോഗികളില്‍ ചിലരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് കൊണ്ട് ചികിത്സ ചിലവിന് വഴിയില്ലാത്ത അവസ്ഥയിലാണ്.
മെയ് 2ന് രാത്രി എട്ടുമണിയോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയര്‍ന്നത്. പുക മുഴുവന്‍ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരുപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി. ഏഴു നിലക്കെട്ടിടത്തില്‍ അഞ്ഞൂറിലേറെ രോഗികളും കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്.
തീപ്പിടുത്തത്തിന് കാരണം ഷോര്‍ട്ട്‌സ് സര്‍ക്യൂട്ട് ആണോയെന്ന് പരിശോധിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഫയര്‍ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കി. ഈ പരിശോധനയും ഇന്ന് നടക്കും. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനവും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.