റിയാദ് / കോഴിക്കോട്: ഓണത്തിന് മുമ്പായി പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാർ നടപടിയെ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്വാഗതം ചെയ്തു. പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ആരംഭിക്കണമെന്ന കെ.എം.സി.സിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച സർക്കാരിനോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ മറ്റ് ക്ഷേമപെൻഷനുകൾക്കൊപ്പം പ്രവാസി പെൻഷനും വിതരണം ചെയ്തിരുന്നെങ്കിലും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് പദ്ധതി തടസ്സപ്പെടുകയും മൂന്ന് മാസത്തെ കുടിശ്ശിക ബാക്കിയാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പ്രവാസികളും മുൻപ്രവാസികളും നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കെ.എം.സി.സി നേതാക്കൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട് എന്നിവർ നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ നേതാക്കൾ വ്യവസായ മന്ത്രിയെ നേരിൽ കണ്ട് വിഷയം വീണ്ടും ഉന്നയിച്ചതിനെ തുടർന്നാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ബാക്കി കുടിശ്ശിക വിതരണം ചെയ്യുന്നതിനും വേഗത്തിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ വ്യക്തമാക്കി.
പ്രവാസി പെൻഷൻ വിതരണത്തിനായി അടിയന്തര നടപടി സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി, നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ നന്ദിയും അഭിനന്ദനവും അറിയിച്ചു.







