മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുർആൻ വിവർത്തകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് സൗദി ഗവൺമെന്റിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ ക്ഷണം ലഭിച്ചു. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്കായി ഏർപ്പെടുത്തുന്ന പ്രത്യേക ഹജ് പദ്ധതി പ്രകാരമാണ് ഈ ക്ഷണം.
കോട്ടക്കൽ പറപ്പൂർ സ്വദേശിയായ കുഞ്ഞിമുഹമ്മദ് മദനി പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസ, സാംസ്കാരിക, നവോത്ഥാന മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമാണ്. സൗദി ഗവൺമെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന വിശുദ്ധ ഖുർആൻ മലയാളം പരിഭാഷയുടെ രചയിതാക്കളിൽ ഒരാളാണ് അദ്ദേഹം (ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയാണ് സഹ പരിഭാഷകൻ). നിലവിൽ പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ ചെയർമാൻ, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ റെക്ടർ എന്നീ ചുമതലകൾ വഹിക്കുന്നു. മുൻപ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സർക്കാർ ഭാഷാധ്യാപക കേന്ദ്രം മലപ്പുറം സെന്റർ പ്രിൻസിപ്പൽ, കേരള സർക്കാർ സ്കൂൾ പാഠപുസ്തക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. രാജകീയ അതിഥികൾക്കുള്ള പൂർണ്ണമായ യാത്രാ-താമസ സൗകര്യങ്ങളോടെയാണ് ഈ ഹജ് തീർത്ഥാടനം. മെയ് 17-ന് ഡൽഹിയിലെ സൗദി എംബസിയിൽ നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മെയ് 18-ന് അദ്ദേഹം ജിദ്ദയിലേക്ക് തിരിക്കും. ഹജ് കർമ്മങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകൾക്കും വിവിധ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാനും ഈ യാത്രയിൽ അവസരമുണ്ടാകും. ജൂൺ 3-നാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.



