കാത്തിരിപ്പിനൊടുവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സമഗ്രവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് വഴിയും പ്രിന്റഡ് കോപ്പികള്‍ വഴിയും ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
എസ്ഐആറിന്റെ ഭാഗമായി 2 പട്ടികകളാണു പ്രസിദ്ധീകരിച്ചത്. എന്യൂമറേഷൻ ഫോം നൽകിയവർ ഉൾപ്പെട്ട കരടു പട്ടികയാണ് ഒന്ന്. മറ്റൊന്ന് മരിച്ചവരും സ്ഥലത്തില്ലാത്തവരും പുറത്തായവരുമായവരുടെ വിവരങ്ങൾ അടങ്ങിയ asd പട്ടികയും. രണ്ടും ബൂത്ത് അടിസ്ഥാനത്തിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്.
- voters.eci.gov.in/download-eroll -എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.
-electoralsearch.eci.gov.in -എന്ന ലിങ്ക് വഴി എപിക് നമ്പർ നൽകി പരിശോധിക്കാവുന്നതാണ്. എപിക് നമ്പർ, പേര്, വയസ്സ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, ഭാഗം, പോളിങ് ബൂത്ത്, ക്രമനമ്പർ എന്നിവ സഹിതം വിശദാംശങ്ങൾ അറിയാം. മൊബൈൽ നമ്പർ ഉപയോഗിച്ചും പരിശോധിക്കാവുന്നതാണ്.
മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം.
കരട് പട്ടികയിൽ നിന്നും നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ പരിശോധിക്കാൻ https://order.ceo.kerala.gov.in/sir/search/index ലിങ്ക് വഴി സാധ്യമാവും.
ഇനി കരട് പട്ടികയിൽ പേരില്ലെങ്കിൽ ആശങ്കപ്പെടാനില്ല. പേര് ചേർക്കാൻ ഇനിയും സമയമുണ്ട്. കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പരാതികൾ ഡിസംബർ 23 ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.



