കോഴിക്കോട്- മാധ്യമം പ്രസിദ്ധീകരണം ജനാധിപത്യവിരുദ്ധ സമീപനം പുലർത്തിയെന്നും അതിനാൽ രണ്ടുവർഷമായി എഴുതിവരികയായിരുന്ന ഇടപെടൽ കോളം അവസാനിപ്പിക്കുന്നതായും സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ. ശബ്നം നൂർജഹാൻ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കാൻ മാധ്യമം തയ്യാറാകാത്തതാണ് കോളം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കെ.ഇ.എൻ വ്യക്തമാക്കി.
ഇതുവരെയും അനുകൂല-എതിർബന്ധങ്ങൾ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്നേഹം പങ്കുവെക്കുന്നുവെന്നും ഓരോ ഇടപെടൽ കോളവും എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നുവെന്നും കെ.ഇ.എൻ പറഞ്ഞു.
ശബ്നം നൂർജഹാന്റെ ശബ്ദവുംകൂടി ചേർന്നതാണ്, ചേർന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. “കുപ്പിച്ചില്ലും മഴവില്ലും” എന്ന കോളം ഏത് അർത്ഥത്തിലും സംവാദഔന്നിത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ ആ പ്രബന്ധം പതിവുപോലെ ഒക്ടോബർ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിൻവലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് “ഇടപെടൽ കോളം” ഇനിമുതൽ തുടരേണ്ട എന്ന് തീരുമാനിച്ചത്. മാധ്യമം വാരാന്ത്യ പതിപ്പിൽ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കിൽ, കോളം ഇന്നോടെ നിർത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ്. അച്ചടിക്കപ്പെടാതെ പോയ “കുപ്പിച്ചില്ലും മഴവില്ലും” എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: “അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊർജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാർ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കൾ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളിൽ മുള്ളുകൾ വിതറിയാണ് കടന്നുപോകുന്നത്. എന്നു പറഞ്ഞാണ് കെ.ഇ.എൻ കുറിപ്പ് അവസാനിപ്പിച്ചത്.







