കോട്ടയം- മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ബി ഗണേഷ് കുമാർ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്തായി. ഗണേഷ് ഒഴികെ ബാക്കി എല്ലാവരുടെയും അംഗത്വം പുതുക്കി നൽകിയിരുന്നു. എന്നാൽ പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ താലൂക്ക് യൂണിയനുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗണേഷ് പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിച്ച രാജി അംഗീകരിച്ച് പിരിച്ചുവിട്ടിരുന്നു.
യൂണിയന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി മുതിർന്ന കമ്മിറ്റി അംഗമായ കെ. തങ്കപ്പൻ പിള്ളയെ ചെയർമാനാക്കി ഒരു ഇടക്കാല അഡ്‌ഹോക് കമ്മിറ്റിയേയും നിയമിച്ചിരുന്നു.
ഗണേഷിനെ പുറത്താക്കിയതല്ലെന്നും കാലാവധി കഴിഞ്ഞപ്പോൾ പുതുക്കാത്തതാണെന്നും എൻ.എസ്.എസ് ജനറല് സെക്രട്ടറി കെ. സുകുമാരൻ നായർ പറഞ്ഞു. പരാതിയുണ്ടെങ്കിൽ ഗണേഷിന് കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.







