കൊച്ചി– കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സി.പി.എമ്മിനെയും കെ രാധാകൃഷ്ണന് എം.പിയെയും ഉള്‍പ്പെടെ നിരവധി നേതാക്കളെയും പ്രതികളാക്കി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി ലോണ്‍ നേടിയവര്‍ ഉള്‍പ്പെടെ 83പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുന്‍മന്ത്രി എ.സി മൊയ്തീന്, സി.പി.എം തൃശൂര്‍ മുന്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ് തുടങ്ങിയ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.
ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 68ാം പ്രതിയായിട്ടാണ് സി.പി.എമ്മിനെ ചേര്‍ത്തിരിക്കുന്നത്. കെ രാധാകൃഷ്ണന് 70ാം പ്രതിയും, എ.സി മൊയ്തീന് 67ാം പ്രതിയുമാണ്. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ വാദം. ഇതില്‍ 128 കോടിയുടെ സ്വത്തുക്കള്‍ പ്രതികളില്‍ നിന്നും ഇ.ഡി കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.