വടകര: വടകരയില്‍ അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. വടകര സ്റ്റാന്‍ഡ് ബാങ്ക്സിൽ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരയിലെ ഷീറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ചില വാഹനങ്ങള്‍ക്ക് കേടുപറ്റി. നാല് പെട്ടിക്കടകളും കാറ്റില്‍ നിലംപൊത്തി. ഇന്നു വൈകീട്ട് മൂന്നു മണിയോടെയാണ് സാൻഡ്ബാങ്ക്സിൽ മിന്നൽ ചുഴലി വീശിയത്. തലനാരിഴക്കാണ് കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത്.
ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടേതടക്കം നാല് തട്ടുകടകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇരുചക്രവാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റിയിട്ടുമുണ്ട്. സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചിട്ടു. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് കൗൺസിലർ പിവി ഹാഷിം ആവശ്യപ്പെട്ടു. കുറ്റ്യാടി, കാതോട് ഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ താലൂക്കിലെ പല പുഴയിലും മലപ്പെള്ളപ്പാച്ചിലുണ്ടായി.
പുഴ നിറഞ്ഞുകവിഞ്ഞ് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയിൽ കക്കയത്ത് 24 മണിക്കൂറിനിടെ 124 മില്ലീ മീറ്റര്‍ മഴ കിട്ടി. ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 33 വീടുകൾ ഭാഗികമായി തകർന്നു. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങി. അരൂർ – തീക്കുനി റോഡിൽ വെള്ളം കയറിയതിനാൽ 6 ദിവസമായി വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.