കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. സിവിൽ നടപടികളുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ പിഎംഎൽഎ നിയമപ്രകാരം ക്രിമിനൽ നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ സ്വത്ത് കണ്ടുകെട്ടൽ അടക്കം സാധിക്കുമെങ്കിലും അറസ്റ്റിലേക്ക് നീങ്ങാൻ ഇഡിക്ക് സാധിക്കില്ല.
ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് സി.എം.ആർ.എൽ അപ്പീൽ നൽകിയിരുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം ഇ.ഡി വ്യാപക റെയ്ഡ് നടത്തിരുന്നു.
അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്നും, സി.എം.ആർ.എല്ലിന് തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാൻ ഇ.ഡിക്ക് മുന്നിൽ രേഖകൾ സമർപ്പിച്ചുകൂടെയെന്നും കോടതി ചോദിച്ചു.കുറ്റകൃത്യങ്ങളിൽ പങ്കില്ലെങ്കിൽ കമ്പനിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമല്ലോ എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തങ്ങൾക്ക് ലഭിച്ച ഇ.ഡിയുടെ സമൻസ് വെറും അന്വേഷണ സ്വഭാവമുള്ളതാണെന്നും, എഫ്.ഐ.ആറോ കൃത്യമായ കുറ്റകൃത്യമോ ഇല്ലാതെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയതെന്നുമാണ് സി.എം.ആർ.എല്ലിൻ്റെ വാദം. ഇ.ഡി തങ്ങളുടെ അധികാരപരിധി മറികടന്നതായും അവർ ആരോപിച്ചു. എന്നാൽ നടപടിക്ക് ആധാരമായ കൃത്യമായ കുറ്റകൃത്യം നിലവിലുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിനെതിരെയുള്ള അന്വേഷണം.
അതിനിടെ, സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഇ.ഡി മേധാവിയുടെ ഈ അടിയന്തര സന്ദർശനം. കൊച്ചിയിലെത്തിയ അദ്ദേഹം ഇന്ന് ഇ.ഡി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് നിലവിലെ സാഹചര്യങ്ങളും കേസിലെ തുടർനടപടികളും വിലയിരുത്തും.



