തിരുവനന്തപുരം: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ തർക്കത്തിൽ ഒടുവിൽ തീരുമാനമായി. എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാ ദേവിയെ ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരുമെന്നും കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റിൽ അഡീഷണൽ ഡയറക്ടറായും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതോടെ കോഴിക്കോട്ടെ ഡി.എം.ഒ തർക്കത്തെ തുടർന്നുള്ള കസേരകളിയിൽ പരിഹാരമായി. നേരത്തെ, കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ ആയും സ്ഥലംമാറ്റി ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് സ്ഥലംമാറ്റത്തിൽ സ്റ്റേ വാങ്ങിയ രാജേന്ദ്രൻ ഡി.എം.ഒ ആയി തുടരുകയായിരുന്നു. അവധിയിൽ പ്രവേശിച്ച ഡോ. ആശാദേവിയാകട്ടെ സർക്കാർ ഓർഡറുമായി കോഴിക്കോട്ടെത്തിയെങ്കിലും ഡോ. രാജേന്ദ്രൻ കസേര ഒഴിയാൻ തയ്യാറായിരുന്നില്ല. തനിക്ക് ജോലിയിൽനിന്ന് മാറണമെന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രൻ സ്ഥാനത്ത് തുടർന്നത്.
ഇതേ തുടർന്ന് ഇരുവരും തങ്ങളുടെ വാദമുഖങ്ങളുമായി ഇരു കസേരകളിലായി ഒരേ ക്യാബിനിൽ ഇരിക്കുകയായിരുന്നു. നിയമപ്രകാരം താനാണ് ഡി.എം.ഒ എന്ന് ഡോ. രാജേന്ദ്രനും ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും വാദിച്ചെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഡോ. രാജേന്ദ്രൻ ഉടനെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ജോയിൻ ചെയ്യണമെന്നും ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയും ചാർജെടുക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. തുടർന്ന് ഡോ. ആശാദേവി ഇന്നുതന്നെ ഡി.എം.ഒ ആയി ചുമതലയേറ്റു.