ആലപ്പുഴ: കടുത്ത വിവാദങ്ങൾക്ക് വഴിവെച്ച ഗൺമാന്മാരുടെ മർദ്ദനക്കേസിൽ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ കടുത്ത വിമർശനം. നിലവിൽ സമർപ്പിച്ചിരിക്കുന്നത് അഭിഭാഷകന്റെ സഹായത്തോടെ കെട്ടിച്ചമച്ച്, പൊലിപ്പിച്ചുണ്ടാക്കിയ പരാതിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളായ ഗൺമാന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഈ പരാമർശം. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കുന്ന കൃത്യമായ രേഖകൾ കൂടി ഹാജരാക്കേണ്ടതില്ലേ എന്ന് കോടതി വാദിഭാഗത്തോട് ചോദിച്ചു.
വാദിഭാഗത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, അതിലുള്ളത് നിസ്സാര പരിക്കുകൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യത്തെ മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതരമായ പരിക്കുകളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മരണം വരെ സംഭവിച്ചേക്കാവുന്ന മർദ്ദനമാണ് ഇതെങ്കിൽ എന്തുകൊണ്ട് പരിശോധിച്ച ഡോക്ടർ അത് അന്ന് തന്നെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ലെന്നും, അതല്ല ഡോക്ടർ അത് മറച്ചുവെച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടി വരില്ലേ എന്നും കോടതി വ്യക്തമാക്കി. സുരക്ഷാ ജീവനക്കാർ പുറത്തിറങ്ങിയത് അവരുടെ ജോലിയുടെ ഭാഗമായാണ്. അവർ മർദ്ദിക്കാൻ ഉപയോഗിച്ചത് അവർക്ക് അനുവദിച്ചു നൽകിയിട്ടുള്ള വസ്തുവാണ്. ആദ്യ റിപ്പോർട്ടിൽ ഗുരുതര പരിക്കുകൾ ഇല്ലെന്നിരിക്കെ, ഇത് റിപ്പോർട്ട് ചെയ്ത ഡോക്ടർക്ക് പറ്റിയ പിഴവാണോയെന്ന് കോടതി ചോദിച്ചു.
കോടതിയുടെ ചോദ്യങ്ങളോട് വളരെ വൈകാരികമായാണ് വാദിഭാഗം അഭിഭാഷകനായ പി. റോയ് പ്രതികരിച്ചത്. മനസ്സാക്ഷി മരവിക്കുന്ന തരത്തിലുള്ള അക്രമമാണ് നടന്നതെന്നും, കോടതി ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച അഭിഭാഷകൻ ഇതിൽ വലിയ വിഷമമുണ്ടെന്നും കോടതിയെ അറിയിച്ചു. പരിക്കുകൾ നിസ്സാരമല്ലേ എന്ന കോടതിയുടെ ചോദ്യത്തിന്, ഇതിൽ കൂടുതൽ കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകളുടെ ആധികാരികതയെ പ്രതിഭാഗം കോടതിയിൽ സംശയനിഴലിലാക്കി. ഈ വീഡിയോകളുടെ വിശ്വാസ്യത എങ്ങനെ ഉറപ്പിക്കാനാകുമെന്ന് കോടതിയും ചോദിച്ചു. സംഭവം പൂർണ്ണമായി പോലീസ് ചിത്രീകരിച്ച വീഡിയോ കയ്യിലുണ്ടോ എന്ന് വാദിഭാഗത്തോട് കോടതി ആരാഞ്ഞു. ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്താമെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂൺ ആറിലേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പരോക്ഷമായി നിർദ്ദേശിച്ചിട്ടുണ്ട്.



