കണ്ണൂര്‍– കൂത്തുപറമ്പ് പറമ്പായി യുവതിയുടെ ആത്മഹത്യയില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലാവയര് ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും ഉമ്മ ഫാത്തിമ പറഞ്ഞു. തന്റെ സഹോദരിയുടെ മകന് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. പ്രശ്നത്തിനൊന്നും പോകാത്ത ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനോടൊപ്പം കാറില്‍ കണ്ട റസീനയോട് സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സ്കൂട്ടറില്‍ വീട്ടില്ക്കൊണ്ടാക്കുകയാണ് ചെയ്തത്.
അതേ സമയും റസീനയുടെ ആണ്‍സുഹൃത്തായ മയ്യില്‍ സ്വദേശിക്കെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുമെന്ന് മാതാവ് അറിയിച്ചു. നാല്പത് പവന് സ്വര്‍ണവും പണവും അവനാണ് തട്ടിയെടുത്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് തന്റെ മകളെ ചൂഷണം ചെയ്യുകയായിരുന്നെന്നും ഫാത്തിമ പറഞ്ഞു. ആത്മഹത്യക്ക് മുമ്പ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവള്‍ക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യില്‍ സ്വദേശിയായ യുവാവിന്റെ വീട്ടുകാരെത്താന്‍ സമയമെടുത്തെന്നും ഫാത്തിമ പ്രതികരിച്ചു.
റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആണ് സുഹൃത്തിന് തന്റെ മരണത്തില്‍ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നതായാണ് സൂചന. ആണ്‍സുഹൃത്തിനായി പോലീസ് അന്യേഷണം ആരംഭിച്ചു. ഈ ഞായറാഴ്ചയാണ് റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍(28) കെ.എ ഫൈസല്‍(34) വി.കെ റഫ്നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ട വിചാരണക്ക് വിധേയനാക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് ആരോപണമുണ്ടായിരുന്നു. ഇവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.