ജിദ്ദ- ജിദ്ദയിലെ ഇന്ത്യൻ പ്രവാസികളുടെ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റ് കൂട്ടാൻ എൻകംഫർട്ട് ധമാക്ക വേൾഡ് കപ്പ് 2K26 ജൂൺ 18, 19 തീയതികളിൽ ജിദ്ദയിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും. നിസ്സ് അറേബ്യ സ്പോർട്സ്, ഇവന്റ്സ് & മീഡിയ ആണ് ടൂർണമെന്റിന്റെ സംഘാടകർ. സൗദി സ്പോർട്സ് അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ ടീമുകളായ ബ്ലാക്ക് റെഡ് എഫ്.സി., അറബ് ഡ്രീംസ് എഫ്.സി., ചാംസ് എഫ്.സി., ബാൻ ബേക്കറി എഫ്.സി., സെവൻ സ്റ്റാർ എഫ്.സി. എന്നിവർക്കൊപ്പം യാംബുവിൽ നിന്നുള്ള റീം അൽ ഉല എഫ്.സി.യും പങ്കെടുക്കും. ആറ് ടീമുകൾ തമ്മിൽ ലീഗ് അടിസ്ഥാനത്തിൽ നയൻസ് രൂപത്തിൽ ആണ് മത്സരങ്ങൾ നടക്കുക. ഓരോ ടീമിനും രണ്ട് മത്സരങ്ങൾ വീതം ലഭിക്കുന്ന രീതിയിലാണ് ഫിക്സ്ചർ ക്രമീകരിച്ചിരിക്കുന്നത്.
ജൂൺ 18-ന് രാത്രി 9.30 മുതൽ പുലർച്ചെ 2.00 വരെ നാല് ലീഗ് മത്സരങ്ങളും, ജൂൺ 19-ന് രാത്രി 8.00 മുതൽ രണ്ട് ലീഗ് മത്സരങ്ങളും നടക്കും. ഓരോ മത്സരവും 25 മിനിറ്റ് വീതമുള്ള രണ്ട് ഹാഫുകളും അഞ്ച് മിനിറ്റ് ഇടവേളയും ഉൾപ്പെടുന്നതായിരിക്കും.
രണ്ടാം ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങൾ പൂർത്തിയായ ശേഷം ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 17 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി പ്രത്യേക സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സിഫിലെ ഫൈനലിസ്റ്റുകളായ ടാലന്റ് ടീൻസും ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ടീമും തമ്മിലാണ് മത്സരം. ഭാവി ഫുട്ബോൾ താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മത്സരത്തിൽ 20 മിനിറ്റ് വീതമുള്ള രണ്ട് ഇടവേളകളും അഞ്ച് മിനിറ്റ് ഇടവേളയും ഉണ്ടായിരിക്കും. തുടർന്ന് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലും സമ്മാനദാന ചടങ്ങുകളും നടക്കും.
സൗദി കായിക മന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ള അമ്പയർമാരായിരിക്കും കുട്ടികളുടേതുൾപ്പെടെയുള്ള മത്സരങ്ങൾ നിയന്ത്രിക്കുക. ടൂർണമെന്റിന്റെ സുഖമ മായ നടത്തിപ്പിന് വേണ്ടി ഫുട്‌ബോൾ രംഗത്തെ പരിചയ സമ്പന്നരായ 30 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഒരു പ്രവർത്തക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ എൻകംഫർട്ടും, സഹ പ്രായോജകർ റീഗൽ ഗോൾഡ് & ഡയമണ്ട്സു മാണ്. റീം അൽ ഉല ട്രേഡിങ്ങ് കമ്പനി യാംബു, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ, മാക്ക് അറേബ്യ കമ്പനി, അൽമാസ് -ഷിഫാ ബവാദി മെഡിക്കൽ ഗ്രൂപ് എന്നിവരും സഹകരിക്കുന്നു.
ടൂർണമെന്റിന്റെ ഔദ്യോഗിക ഫിക്സ്ചർ പ്രകാശനവും ട്രോഫി അനാച്ഛാദനവും, ടീമുകളുടെ ജേഴ്സി പ്രദർശനവും തിങ്കളാഴ്ച നടന്നു. ഈ ടൂർണമെന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും യുവജനങ്ങളിൽ ആരോഗ്യകരമായ കായിക സംസ്കാരം വളർത്തുന്നതിനും വലിയ പങ്കുവഹിക്കുമെന്ന് നിസ്സ് അറേബ്യ സി.ഇ.ഒ. ഡോ. ഇന്ദു ചന്ദ്രശേഖരൻ പറഞ്ഞു. മികച്ച നിലവാരത്തിലുള്ള മത്സരങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രൊഫഷണൽ സംഘാടന രീതികളും ഉൾപ്പെടുത്തി ഇന്ത്യൻ സമൂഹത്തിനു അഭിമാനിക്കാവുന്ന ഒരു ടൂർണമെന്റ് ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിസ്സ് അറേബ്യയുടെ മാനേജിംഗ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ പറഞ്ഞു.
വി പി മുഹമ്മദ് അലി, നാണി മാസ്റ്റര്‍, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, ഹിഫ്‌സു റഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, മുസാഫിര്‍, അബു കട്ടുപ്പാറ, മുജീബ് റീഗൽ, നാസര്‍ എമറാള്‍ഡ്, റാഫി ബീമാപള്ളി, അയൂബ് മാസ്റ്റര്‍, ഷമീം ടീച്ചര്‍, മൻസൂർ (റീം എഫ്‌സി), നാസർ ശാന്തപുരം എന്നിവര്‍ സംസാരിച്ചു.



