തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിശദാംശങ്ങൾ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി വയോജനങ്ങൾക്ക് വേണ്ടി വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശ വർക്കർമാർക്ക് മുവായിരം രൂപ വേതനം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടമായാണ് വർധനവ് നടപ്പാക്കുക. റിട്ടയർമെന്റ് ബെനഫിറ്റിന്റെ കാര്യത്തിൽ ചർച്ച തുടരും. നിലവിലുള്ള 90000 രൂപ 12000 രൂപയായി വർധിപ്പിക്കും. അംഗനവാടി വർക്കമാർക്ക് ആയിരം രൂപ വർധിപ്പിക്കും. സാമ്പത്തിക സ്ഥിതി കുറച്ചുകൂടി മെച്ചപ്പെടുമ്പോൾ അവരെ കൂടുതലായി പരിഗണിക്കും. പാചക തൊഴിലാളികളുടെ വേതനത്തിൽ ആയിരം രൂപ കൂട്ടി. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആയമാരുടെ വേതനവും ആയിരം രൂപ കൂട്ടി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് 21ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും. മെയ് 22ന് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിന് സഭ വിളിച്ചു കൂട്ടും. ജി. സുധാകരനായിരിക്കും പ്രോടേം സ്പീക്കർ. അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചു. അഡ്വ.ടി ആസഫലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിക്കും.
നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധം നടത്തിയ രണ്ടു പേരെ വളഞ്ഞിട്ട് ആക്രമിച്ച സംഭവം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



