കൊച്ചി- എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് പോകാനെത്തിയ ഫസൽ ഗഫൂറിനെ ഇ.ഡി ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഫസൽ ഗഫൂറിനെ ഇ.ഡി വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനായി ഇന്നോ നാളെയും ഇ.ഡിക്ക് മുന്നിൽ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ഫസൽ ഗഫൂറിനെ വിട്ടയച്ചത്. കൊച്ചി വഴി ഓസ്ട്രേലിയയിലേക്ക് പോകാൻ കുടുംബസമേതം എത്തിയതായിരുന്നു ഫസൽ ഗഫൂർ. ഇ.ഡി ഉദ്യോഗസ്ഥരുടെ ആവശ്യത്തോട് തുടക്കത്തിൽ വഴങ്ങാൻ ഫസൽ ഗഫൂർ തയ്യാറായിരുന്നില്ല. പിന്നീട് നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് ഫസൽ ഗഫൂർ ഉദ്യോഗസ്ഥരുമായി സഹകരിച്ചത്.
കോഴിക്കോട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫസൽ ഗഫൂറിന്റെ പേരിൽ നിരവധി പരാതികളുണ്ട്. നിക്ഷേപം സ്വീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനം എവിടെയും എത്തിയിരുന്നില്ല. ഇതേ തുടർന്ന് നിക്ഷേപകരിൽ ചിലർ ഇ.ഡിക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇ.ഡിയുടെ നടപടി. ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്ന് നേരത്തെ ഫസൽ ഗഫൂറിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



