തിരുവനന്തപുരം– കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികളെ വട്ടംകറക്കി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ് എൻട്രൻസ് (VITEEE) പരീക്ഷ എഴുതേണ്ട നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ കഴിയാതെ വഴിയിൽ കുടുങ്ങിയത്.
ദേശീയപാതയിൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഓൺലൈൻ രീതിയിൽ നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്ക് കൃത്യം ഒൻപത് മണിക്ക് തന്നെ സെന്ററുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എന്നാൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ നിശ്ചിത സമയത്ത് പരീക്ഷാ ഹാളിലെത്താൻ കഴിയില്ലെന്ന ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു.
ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം മറ്റ് യാത്രക്കാരെയും സാരമായി ബാധിച്ചു. ആശുപത്രികളിലേക്ക് പോകേണ്ടവരും അത്യാവശ്യ യാത്രക്കാരും മണിക്കൂറുകളോളം വഴിയിൽ കിടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. പോലീസ് ഇടപെട്ടതിനെത്തുടർന്ന് നിലവിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടത്തിവിടാൻ സമരക്കാർ തയ്യാറായിട്ടില്ല.



