പൊള്ളാച്ചി– വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് മലയാളി അധ്യാപകർ മരിച്ചു. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ.പി. സ്കൂളിലെ അധ്യാപക സംഘം സഞ്ചരിച്ച മിനിവാനാണ് പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്ക് എത്തിയ 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ സംരക്ഷണ ഭിത്തി തകർത്ത് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ വാൻ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



