മലപ്പുറം- തിരൂരങ്ങാടി നിയമസഭ മണ്ഡലത്തിൽ പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിയിൽ പ്രതിഷേധം പുകയുന്നു. മുതിർന്ന നേതാക്കളിൽ പലരും അസംതൃപ്തിയുമായി രംഗത്തെത്തി. മുൻ എം.എൽ.എയും ലീഗ് നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി പി.എം.എ സമീറിനെതിരെ പരസ്യമായി രംഗത്തെത്തി. എന്തു യോഗ്യതയാണ് തിരൂരങ്ങാടി പോലെയുള്ള മണ്ഡലത്തിലേക്ക് പി.എം.എ സമീറിനെ പരിഗണിക്കാൻ കാരണമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുതെന്ന് വ്യക്തമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണി, മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ടെന്നും ഓർമ്മപ്പെടുത്തി. രണ്ടത്താണിയുടെ വാക്കുകൾ. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ.


ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.- അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
പാർട്ടി പ്രവർത്തകർക്കിടയിലും പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അധികാരകേന്ദ്രങ്ങളിലേക്ക് ഈയടുത്ത കാലത്തായാണ് പി.എം.എ സമീർ പ്രത്യക്ഷപ്പെട്ടത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വരെ അതിവേഗത്തിൽ പി.എം.എ സമീർ എത്തുകയും ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പമാണ് സമീറിന്റെ അതിവേഗ വളർച്ചക്ക് കാരണം. നേരത്തെ കൊണ്ടോട്ടി മണ്ഡലത്തിലേക്കായിരുന്നു സമീറിന്റെ പേര് പരിഗണിച്ചിരുന്നത്. എന്നാൽ കടുത്ത എതിർപ്പിനെ തുടർന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് സമീറിനെ തിരൂരങ്ങാടിയിലേക്ക് പാർട്ടി പരിഗണിച്ചത്.



