കൊല്ലം– ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിലെ പിഴവുകള്‍ക്ക് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. റോഡിനായുള്ള ഭൂമിയേറ്റെടുത്ത് നല്‍കിയതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ദേശീയപാത വികസനം നടക്കില്ലായിരുന്നു. ഇപ്പോള്‍ ദേശീയപാത നിര്‍മാണം നടക്കുന്ന ചിലപ്രദേശങ്ങളിലെ പിഴവുകള്‍ക്ക് എല്‍.ഡി.എഫിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വരുന്നുണ്ട്. അവര്‍ നടക്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയ പദ്ധതി നടപ്പിലാക്കിയ ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങള്‍ നിര്‍വഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തമായിട്ടാണ് അതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മാണത്തിന് സാമ്പത്തികമായ ചിലവൊന്നും സംസ്ഥാന സര്‍ക്കാറിനുണ്ടാവുമായിരുന്നില്ല. ഭൂമിയേറ്റെടുക്കാനുള്ള പണം ദേശീയപാത അതോറിറ്റി നല്‍കുമായിരുന്നു. പക്ഷെ അതിന് ചുമതല വഹിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയാറായില്ല. 2016ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അതോറിറ്റിയെ തിരികെ വിളിച്ച് അന്നത്തെ സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കുള്ള പിഴയായി സ്ഥലമേറ്റെടുക്കുന്നതിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന ധാരണയിലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.