തിരുവനന്തപുരം- കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാനെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ 25 വിദേശ യാത്രകളും വിഫലമെന്ന് വിവരാവകാശ രേഖകൾ. 10 വർഷത്തിനിടെയാണ് മുഖ്യമന്ത്രി വിവിധ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തിയത്. ഇതിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലാന‍്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്‍റ്സ് എന്നിവയാണ് പത്തു വർഷത്തിനുള്ളിൽ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഇതിൽ അമേരിക്ക ഒഴികെ ബാക്കി എല്ലാ യാത്രകളും ഖജനാവില്‍ നിന്ന് കോടികൾ ചെലവിട്ട് നടത്തിയ ഔദ്യോഗിക യാത്രകളാണ്.
വിവരവകാശപ്രകാരം കെഎസ്ഐഡിസി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്. കോടികൾ ചെലവിട്ട് മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഒരോ വിദേശയാത്രൾക്ക് ശേഷം കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ അതെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു കെഎസ്ഐഡിസി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ) നല്‍കിയ മറുപടി. 2016 മുതല്‍ 2025 വരെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് കെഎസ്ഐഡിസി കൈമാറിയത്.
ഒരു കമ്പനി മാത്രം 150 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു 2022 ലെ നോര്‍വേ യാത്രയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇലക്ട്രോണിക് ബാറ്ററി ഉല്‍പ്പാദന ഫാക്ടറി, ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം വേറെയും. 2022 ലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത് ഹിന്ദുജ ഗ്രൂപ്പ് വക കോടികളുടെ നിക്ഷേപം വരുമെന്നായിരുന്നു. ജപ്പാനും കൊറിയയിലും നിന്നുമായി 300 കോടി രൂപയുടെ നിക്ഷേപം വരുമെന്നും പ്രഖ്യാപിച്ചു. യുഎഇ സര്‍ക്കാര്‍ 500 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, വിവരാവകാശ രേഖ പുറത്തു വന്നതിലൂടെ ഇതെല്ലാം വെറും പ്രസ്താവനകൾ ആയി മാറുകയാണ്. കോടികൾ ചെലവിട്ട് നടത്തിയ ഒരു വിദേശയാത്ര പോലും ഗുണം ചെയ്തില്ല എന്നത് നിരാശാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു.
മുഖ്യമന്ത്രി നടത്തിയ ചില വിദേശയാത്രകളിൽ ഭാര്യയും മകളും കൊച്ചുമകനും ഒക്കെ കൂടെയുണ്ടായിരുന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കുടുംബ വിനോദ യാത്ര എന്ന് വരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം വന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പുറത്തു വരുന്നതോടെ സംസ്ഥാന സർക്കാരിന് കോടികളുടെ ബാധ്യത മാത്രം വരുത്തി വെച്ചതായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകൾ.



