തിരുവനന്തപുരം– സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള ദാരുണ മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസ്സുകാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്. അഴുർ സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് പുലർച്ചെ ഉറക്കത്തിനിടെ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ കടിച്ച മൂർഖൻ പാമ്പിനെ പിന്നീട് വീട്ടിൽ നിന്ന് തന്നെ പിടികൂടി.
ഇന്ന് പുലർച്ചെ നാലുമണിയോടെ കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നത്. കാലിൽ എന്തോ കടിച്ചു എന്ന് കുട്ടി തന്നെ വീട്ടുകാരോട് പറയുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



