കോഴിക്കോട്- കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശ വിമാന സരവീസ് എത്തുന്നു. പുതിയ വിമാനം കൂടി സർവീസിനായി എത്തുന്നു. ആകാശ എയറാണ് കോഴിക്കോട്ടു നിന്ന് പുതുതായി സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ കോഴിക്കോട്-മുംബൈ സെക്ടറിൽ പ്രതിദിന സർവീസുണ്ടാകും. എം.കെ രാഘവൻ എം.പിയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്‌ടോബർ 1 മുതൽ കോഴിക്കോട്-മുംബൈ സർവീസ് ആരംഭിക്കും. അധികം താമസിയാതെ, സമീപഭാവിയിൽ തന്നെ കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചതായി രാഘവൻ എം.പി പറഞ്ഞു. കോഴിക്കോട്-ജിദ്ദ റൂട്ടിലും വൈകാതെ സർവീസ് ഉണ്ടാകും. ദൽഹിയിലെ രണ്ടാമത്തെ എയർപോർട്ടായ ഗാസിയാബാദ് ഹിൻഡൺ എയർപോർട്ടിലേക്ക് ഓപ്പറേഷൻ വിപുലപ്പെടുത്തുമ്പോൾ കോഴിക്കോട് – ഡൽഹി സർവീസും ആരംഭിക്കും. കുവൈറ്റ്, ദോഹ, അബുദാബി, ബാംഗ്ലൂർ, തിരുവനന്തപുരം റൂട്ടുകളിലേക്കും സർവീസ് നടത്തണമെന്ന് ആവശ്യമുന്നയിച്ചതായും എം.കെ രാഘവൻ പറഞ്ഞു.
രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ ‘ആകാശ എയറിനെ’ കോഴിക്കോട് എത്തിക്കാനുള്ള ശ്രമങ്ങൾ എയർലൈൻ ഓപ്പറേഷൻ ആരംഭിച്ചപ്പോൾ മുതൽ തന്നെ നടത്തിയിരുന്നുവെന്നും നെറ്റ്‌വർക്ക് വിപുലീകരിക്കുമ്പോൾ കോഴിക്കോടിനെ പരിഗണിക്കുമെന്നായിരുന്നു ‘ആകാശ’ അധികൃതരുടെ ആദ്യ മറുപടിയെന്നും രാഘവൻ പറഞ്ഞു.
19 മാസം കൊണ്ട് 20 എയർക്രാഫ്റ്റുകൾ നേടിയെടുത്ത എയർലൈൻ, 22 ആഭ്യന്തര ഡെസ്റ്റിനേഷനുകൾക്ക് ശേഷം വിവിധ ജി.സി.സി രാജ്യങ്ങളിലായി 5 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ കൂടെ ഓപ്പറേഷൻ വിപുലീകരിച്ച ഘട്ടത്തിൽ വീണ്ടും ‘ആകാശ’ അധികൃതരുമായി നേരിട്ട് ചർച്ചകൾ നടത്തി.
എയർലൈൻ ഡെപ്യൂട്ടി ജന. മാനേജറും കമ്പനിയുടെ എയ്‌റോ പൊളിറ്റിക്കൽ അഫയേഴ്‌സ് ഇൻ ചാർജുമായ പ്രതീക് ശർമ്മയുമായി 2024 ജൂലൈയിൽ ഡൽഹിയിൽ നടത്തിയ ചർച്ച ശുഭകരമായ നീക്കമായി. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ആകാശ എയർലൈൻ ചീഫ് ഓഫ് ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക്ക് അക്വിസിഷൻ പ്രിയ മെഹ്‌റക്ക് വിശദമായ റൂട്ട് റിക്വസ്റ്റ് നൽകി. കൂടാതെ കോഴിക്കോട് എയർപോർട്ടിന്റെ കണക്ടിവിറ്റി പൊട്ടൻഷ്യലിനെ കുറിച്ച് പഠിച്ച് ആകാശ എയർലൈനിന് സഹായകമാകുന്ന രൂപത്തിൽ തയ്യാറാക്കിയ ‘Calicut International Airport: Regional Potential, Route Viability and Growth Opportunities’ എന്ന റിപ്പോർട്ടും നൽകി.
കൃത്യമായ ഇടവേളകളിൽ സൗത്ത് ഇന്ത്യ ജന. മാനേജർ മുരളി മേനോനും, മാനേജർ സുധീഷ് മംഗലശ്ശേരിയുമായും നിരന്തരം കമ്യൂണിക്കേഷൻ നടത്തി കൊണ്ടിരുന്നു. ഏറെ താല്പര്യത്തോടെ സഹായിച്ച രണ്ടുപേർക്കും കൃതജ്ഞത നേരുന്നു.
‘ആകാശ എയർ’ കോഴിക്കോട് എത്തുന്നത് കോഴിക്കോടിന് പുതിയ ഊർജ്ജം പകരും. കുറഞ്ഞ കാലം കൊണ്ട് 30 വിമാനങ്ങളും ഫുക്കറ്റ് അടക്കം 29 ഡെസ്റ്റിനേഷനുകളിലായി 50 ലേറെ റൂട്ടുകളിലാണ് ‘ആകാശ’ ഇപ്പോൾ സർവീസ് നടത്തുന്നത്. എല്ലാ വിമാന കമ്പനികളെയും ഇരു കൈയും നീട്ടി സ്വീകരിച്ച കോഴിക്കോട് ‘ആകാശ എയറിനെയും’ നിറയെ യാത്രക്കാരുമായി പിന്തുണക്കുമെന്നും രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.