കൊച്ചി: കേരളത്തിലെ റോഡുകളിൽ അശ്രദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നടൻ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. തൃശൂരിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മുടെ ദേശീയപാതകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസ് നടത്തുന്ന നാഷണൽ പെർമിറ്റ് ലോറികളും ട്രക്കുകളും രാത്രി സമയങ്ങളിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളുമില്ലാതെ റോഡരികിലും റോഡിലേക്ക് കയറ്റിയും പാർക്ക് ചെയ്യുന്നത് പതിവാണ്. പല വാഹനങ്ങളിലും ശരിയായ റിഫ്ലക്ടറുകളോ പ്രവർത്തിക്കുന്ന ടെയിൽ ലാമ്പുകളോ ഹസാർഡ് ലൈറ്റുകളോ ഇല്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനം ദൂരെ നിന്ന് തിരിച്ചറിയാനുള്ള സുരക്ഷാ മുന്നറിയിപ്പുകളും ഉപയോഗിക്കാറില്ല.
രാത്രിയിൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നിൽ ഇരുട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഇത്തരം ഭാരവാഹനങ്ങൾ വലിയ അപകടക്കെണിയാണ് സൃഷ്ടിക്കുന്നത്. ഇത് നിസ്സാര ട്രാഫിക് നിയമലംഘനമായി കാണാതെ, മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ കുറ്റമായി കണ്ട് നടപടിയെടുക്കണം.
പ്രധാന നിർദേശങ്ങൾ:
- നാഷണൽ പെർമിറ്റ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ റിഫ്ലക്ടറുകൾ, ടെയിൽ ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണം.
- ഹൈവേയിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടികളും സ്വീകരിക്കണം.
- നിയമലംഘനം ആവർത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണം.
ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യമൊട്ടാകെ കർശനമായി നടപ്പാക്കേണ്ടതാണെന്നും, കുറഞ്ഞത് കേരളത്തിലെങ്കിലും ഇത് ഉടനടി ആരംഭിക്കണമെന്നും ഷറഫുദ്ദീൻ പറഞ്ഞു. പരിശോധനയും പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഇനി മറ്റൊരു അപകടം കൂടി കാത്തിരിക്കരുത്. ഒരാളുടെ അശ്രദ്ധയ്ക്ക് മറ്റൊരാളുടെ ജീവൻ വിലയാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.







