കൊച്ചി: നടൻ ബാലയ്‌ക്കെതിരെ ഗായികയായ മുൻഭാര്യ മനപ്പൂർവം വൈരാഗ്യം തീർത്ത് സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗപ്പെടുത്തുകയാണെന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു.
പരാതിക്കാരിക്ക് നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നും അന്നൊന്നും പറയാത്ത പരാതിയുമായിട്ടാണ് അവർ ഇപ്പോൾ രംഗത്തെത്തിയതെന്നും നടനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പരാതിക്കാരി പോലീസിന് നൽകിയത്. ഇത് നിലനില്ക്കുന്ന കേസല്ല എന്നാണ് തന്റെ പരിമിതമായ നിയമപരിജ്ഞാനം. കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അറസ്റ്റിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
ജുവനൈൽ നിയമത്തിലെ സെക്ഷൻ 75 പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ബാലയ്‌ക്കെതിരെ ചുമത്തിയത്. പോലീസുമായി സഹകരിക്കുന്ന ആളാണ് ബാലയെന്നും 41 എ നോട്ടീസ് നല്കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മതിയായിരുന്നുവെന്നും അവർ പറഞ്ഞു.
ഇപ്പോൾ നടന്ന കാര്യങ്ങളല്ല. എട്ടുവർഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്. ചാനലുകളിൽ വന്ന വാർത്തകളുടെയു സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് പരാതി. ഇരുവരും പരസ്പരം സമൂഹമാധ്യമത്തിൽ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് തേജോവധം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയായെ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. ‘മകൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്കും മകളെ വേണ്ട, പ്രശ്‌നത്തിനൊന്നും പോകില്ല’ എന്നാണ് അവസാന വീഡിയോയിൽ ബാല സങ്കടപ്പെട്ട് പറഞ്ഞത്. ബാലക്ക് കുഞ്ഞിനോട് നല്ല സ്‌നേഹമുണ്ട്. അതിന് ശേഷം അദ്ദേഹം യാതൊരു നിയമലംഘനവും നടത്തിയതായും എനിക്കറിവില്ല. ബാലയുടെ ആരോഗ്യ നില മോശമാണ്. അടിയന്തര സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഇങ്ങനെയൊരു പരാതി ലഭിച്ചാൽ മാനുഷിക പരിഗണനയനുസരിച്ച് നല്കുന്ന 41 എ നോട്ടീസ് നല്കിയില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.