അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടക്കേസിലെ പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ വാഗമണ്ണിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 28-ന് നടന്ന അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ വാഗമണ്ണിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക്കിനെ പിടികൂടാൻ വൈകുന്നതിനെതിരെ പോലീസിനു നേരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം. കേസിൽ സിറിയക്കിന്റെ പിതാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അമിതവേഗത്തിലെത്തിയ കാർ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഡോ. സിറിയക് ആണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ വാഗമൺ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ നടപടികൾക്കായി കൈമാറും.



