തിരുവനന്തപുരം– സംസ്ഥാനത്ത് ഭരണമാറ്റം കുറിച്ചുകൊണ്ട് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി, മുഖ്യമന്ത്രിയായി വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ളതുപോലെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള 21 അംഗ പൂർണ്ണ മന്ത്രിസഭയും ഒരേ വേദിയിൽ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു എന്നതാണ് ഈ ചടങ്ങിന്റെ പ്രത്യേകത.
ഗവർണർ ആർ. വി. അർലേക്കർ മുഖ്യമന്ത്രി വി.ഡി. സതീശന് ആദ്യമായി ഔദ്യോഗിക സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ എന്നിവരടക്കമുള്ള 20 മന്ത്രിമാരും ഒന്നിനുപിറകെ ഒന്നായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്തു വർഷത്തെ ഇടതുഭരണത്തിന് വിരാമമിട്ടുകൊണ്ട്, 140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സഖ്യം അധികാരത്തിൽ തിരിച്ചെത്തിയത്. ജനകീയ പങ്കാളിത്തം കൊണ്ടും രാഷ്ട്രീയ പ്രാധാന്യം കൊണ്ടും ചരിത്ര സംഭവമായി മാറിയിരിക്കുകയാണ് ഈ സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.



