ന്യൂഡൽഹി– പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്. രാജ്യവ്യാപകമായി 50ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ടുകൾ
യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കുറ്റമടക്കം അനിൽ അംബാനിക്കെതിരെ ചുമത്തിയിട്ടുണ്ട്.
നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഇ.ഡി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐയും രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യെസ് ബാങ്കിൽ നിന്നും 2017ൽ എടുത്ത 3000 കോടിയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു. വായ്‌പ അനിൽ അംബാനിക്ക് നൽകുന്നതിന് മുമ്പ് ബാങ്കിൻ്റെ പ്രൊമോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നാണ് ഇ.ഡി കണ്ടെത്തൽ. റിലയൻസിന്റെ പല കമ്പനികളുടേയും വരുമാനത്തിൽ പെട്ടന്നുണ്ടായ വർധനവിന് പിന്നിലും തട്ടിപ്പാണെന്ന സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്നത്.
നേരത്തെ അനിൽ അംബാനിക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കമ്പനി നിയമട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റി രംഗത്തെത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്ചറിൻ്റെ പാപ്പരത്ത നടപടികൾ കമ്പനിനിയമ ട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റിയാണ് സ്റ്റേ ചെയ്തത്. 920 കോടിയുടെ വായ്‌പയിൽ 88 കോടി തിരിച്ചടച്ചില്ലെന്ന് കാണിച്ചായിരുന്നു അനിൽ അംബാനിക്കെതിരെ കേസ് വന്നത്.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്‌ടെക്‌ചറിനെതിരെ പാപ്പരത്ത നടപടികൾ സ്വീകരിക്കാൻ മുംബൈയിലെ കമ്പനി നിയമ ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ അനിൽ അംബാനി സമീപിക്കുകയായിരുന്നു.
അപ്പലേറ്റ് അതോറിറ്റിയിൽ നൽകിയ ഹരജിയിൽ 92 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്ന് അനിൽ അംബാനി വാദിച്ചു. ഈ വാദം പരിഗണിച്ച് താൽക്കാലികമായാണ് നടപടികൾക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഇ.ഡി പരിശോധനയും കോടതികളിലെ നിയമ പോരാട്ടങ്ങളും അനിൽ അംബാനിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കുമെതിരായ സാമ്പത്തിക വിവാദങ്ങളെ വീണ്ടും ദേശീയ ശ്രദ്ധയിലേക്കുമാറ്റിയിരിക്കുകയാണ്.