ന്യൂഡല്‍ഹി– എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. രാഷ്ട്രീയപ്പോരിൽ ഇഡിയെ കരുവായി ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്നും, ഇഡി പരിധിവിട്ട് ഇടപെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈയിടെയായി നിയമോപദേശം നല്‍കിയതിന്റെ പേരില്‍ 2 സീനിയര്‍ സുപ്രീംകോടതി അഭിഭാഷകരെ ഇഡി വിളിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണു കോടതി പരിഗണിച്ചത്. ഇഡിക്കെതിരെ ആഞ്ഞടിച്ച കോടതി വിഷയത്തില്‍ മാര്‍ഗരേഖ പുറപ്പെടുവിപ്പിക്കണമെന്നും വ്യക്തമാക്കി. വിശദ വാദം കേള്‍ക്കാനായി കേസ് 29ന് വീണ്ടും പരിഗണിക്കും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാര്‍വതി, മന്ത്രി സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള സമന്‍സ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹരജിയും കോടതി തള്ളി. ഹൈക്കോടതി തീരുമാനത്തില്‍ പിഴവില്ലെന്നും വസ്തുതകള്‍ കണക്കിലെടുത്ത് ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. ഇ.ഡിയെ രാഷ്ട്രീയപ്പോരില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ഇഡിക്കു വേണ്ടി ഹാജരായ എഎസ്ജി: എസ്.വി രാജുവിനെ കോടതി താക്കീത് ചെയ്തു. കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതിന് ഇഡി ഞങ്ങളോട് നന്ദി പറയണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പോരില്‍ ഇഡി കക്ഷിയാകരുതെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര അന്യേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ മുഖത്തേറ്റ അടിയാണ് കോടതിവിധിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.