മുംബൈ- ദൽഹിയിലെ ജന്തർ മന്ദിറിൽ നടക്കുന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെയുള്ള പ്രതിഷേധത്തിന്റെ ചൂട് രാജ്യമെമ്പാടും പടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ, മുംബൈയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഒരു യുവതി ഒറ്റക്കൈ കൊണ്ട് പോലീസ് വാൻ തടഞ്ഞുനിർത്തുന്നതാണ് ഈ വീഡിയോയിലുള്ളത്. ഒറ്റയ്ക്കൊരു കൊടുങ്കാറ്റായ പെൺകുട്ടിയുടെ ധൈര്യത്തെ രാജ്യമൊട്ടുക്കും അഭിനന്ദിക്കുകയാണ്.
ദാദറിലെ ശിവജി പാർക്കിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ. കനത്ത മഴയത്തും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ വൻ പ്രതിഷേധക്കാരാണ് മുംബൈയിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ പോലീസ് ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് ഹൂഡിയും ക്യാപ്പും ധരിച്ച റിയ യാദവ് എന്ന യുവതി പോലീസ് വാഹനം നേരിട്ട് തടഞ്ഞത്.
വീഡിയോയിൽ റിയ യാദവ് പോലീസ് വാൻ മുന്നോട്ട് പോകുന്നത് തടയുന്നത് കാണാം. ഒരു കൈകൊണ്ട് വാൻ തടഞ്ഞുനിർത്തുമ്പോൾ, മറുകയ്യിൽ ഫോണും പിടിച്ചിട്ടുണ്ട്. കുറച്ചു സമയത്തേക്ക് പോലീസ് വാൻ മുന്നോട്ട് നീങ്ങാൻ അനുവദിച്ചില്ല. കസ്റ്റഡിയിലുണ്ടായിരുന്ന ചില പ്രതിഷേധക്കാർക്ക് പുറത്തിറങ്ങാൻ സമയം ലഭിച്ചതായും പറയപ്പെടുന്നു.
ഈ സംഭവത്തിന് ശേഷം റിയ യാദവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. പലരും റിയയുടെ ധൈര്യത്തെ പ്രശംസിക്കുകയും ‘സൂപ്പർഗേൾ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഒരു വലിയ പോലീസ് വാനിന് മുന്നിൽ ഉറച്ചുനിന്നു’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ റിയ യാദവ് തന്നെ ഒരു മോഡലായും നടിയായും ആണ് വിശേഷിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് ഇവർക്ക്. ‘ദിൽബറ’ എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോയിലൂടെയാണ് റിയ ശ്രദ്ധിക്കപ്പെടുന്നത്. കൈകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളുടെ ബിസിനസ്സ് ചെയ്യുന്ന റിയയ്ക്ക് ‘റിയാസത്ത്’ എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡുമുണ്ട്. പ്രതിഷേധത്തിനിടെ റിയ പോലീസ് വാഹനം തടയുന്നതിന്റെ വീഡിയോ അവിടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയാണ് പകർത്തിയത്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയായിരുന്നു.




