ന്യൂഡൽഹി– അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധം ഇന്ത്യൻ കപ്പൽ ഗതാഗതത്തിന് വൻ തിരിച്ചടിയാകുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന് സമീപം 15 ഇന്ത്യൻ കപ്പലുകളാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. എണ്ണക്കപ്പലുകൾ, എൽപിജി ടാങ്കറുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവയുൾപ്പെടെയുള്ളവ ഇതിലുണ്ട്. തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം നടപ്പിലാക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചതോടെ മേഖലയിലെ കപ്പൽ നീക്കം ഏതാണ്ട് നിലച്ച മട്ടാണ്.
ഈ അതീവ ഗൗരവകരമായ സാഹചര്യത്തിൽ ഇന്ത്യൻ നാവികസേന മേഖലയിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. ആറ് യുദ്ധക്കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫിന് സമീപം സുരക്ഷാ ദൗത്യത്തിനായി നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ കപ്പലുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം അവയുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും സേന മുൻഗണന നൽകുന്നു.
ഇതിനിടെ, ഏപ്രിൽ 11-ന് കടലിടുക്ക് പിന്നിട്ട ജഗ് വിക്രം എന്ന എൽപിജി ടാങ്കർ നാവികസേനയുടെ അകമ്പടിയോടെ മുംബൈയിലേക്ക് നീങ്ങുകയാണ്. 24 ജീവനക്കാരുള്ള ഈ കപ്പൽ 20,400 ടൺ പാചകവാതകവുമായി ഏപ്രിൽ 15-ന് ഇന്ത്യയിലെത്തും. ആകെ 25 ഇന്ത്യൻ കപ്പലുകൾ മേഖലയിലുണ്ടായിരുന്നതിൽ പത്തെണ്ണം ഇതിനോടകം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ട്.



